ശൂന്യതയിൽ മുഴങ്ങുന്ന രോദനം.....
പണ്ടുമുതലേ ഉള്ള ശീലമാണ് ഇടയ്ക്കുള്ള ചായ കുടി. അച്ഛന്റെ പോക്കറ്റിൽ നിന്നും ആരുമറിയാതെ എടുക്കുന്ന ഓരോ രൂപയ്ക്ക് പിന്നിലും പഴംപൊരിയുടെയും ഉഴുന്നുവടയുടെയും ചരിത്രമുണ്ടാകും. കാന്റീനിൽ നിന്നും നുരഞ്ഞു പൊന്തുന്ന മണം എത്ര ദിവസമാണ് എന്റെ ഏകാഗ്രത നഷ്ടപ്പെടുത്തിയത്. 11 മണിക്കും നാലു മണിക്കും എന്നെ ഞാൻ പോലും അറിയാതെ ഉണർത്തിയ പലഹാരത്തിന്റെയും ചായയുടെയും വാസന തിയോഫിലസിൽ എത്തിയപ്പോൾ നഷ്ടപ്പെട്ടത് പോലെ.
ഇനി മറ്റുള്ള ബി. എഡ് കോളേജുകൾ പോലെ ഇവിടെയിനി കാന്റീൻ ഒന്നുമില്ലേ? എന്റെ കർത്താവേ നീയെന്നെ ചതിക്കല്ലേ ചായ കുടിച്ചില്ലെങ്കിൽ എനിക്ക് തലവേദനിക്കും നീ ചുമ്മാ കളിക്കരുത് കേട്ടോ? കർത്താവ് ഒന്നമർത്തി മൂളി. പോയി വല്ലതും പഠിക്കാൻ നോക്ക് കൊച്ചേ.... എന്നാണോ കക്ഷി മൊഴിഞ്ഞത്? ആവോ ആർക്കറിയാം......
ഇല്ല.....ഇല്ല....
കർത്താവെന്നെ ചതിച്ചിട്ടില്ല കാന്റീൻ ഉണ്ട് 😍😍😍
ചേച്ചി....ഒരു ചായ, ഒരു പഴം പൊരി...... ബാക്കി തിന്നിട്ട് പറയാമേ.....
പതിവ് ഡയലോഗെല്ലാം മനഃപാഠമാക്കി ഞാൻ കാന്റീനിലേക്ക് പ്രവേശിച്ചു.
എന്റെ സിവനെ എന്താണിത്?!
ശൂന്യച്ചായ, ശൂന്യവട, ശൂന്യപ്പൊരി എല്ലാം ശൂന്യമയം......... കാന്റീനിന്റെ പേര് "ശൂന്യോഫിലസ് " അമ്പോ 🙄
ഞാൻ അറിയാതെ എന്നിലെ നാഗവല്ലി ഉണർന്നു.എന്തെങ്കിലും കഴിക്കാൻ തായോ.... വിശക്കുന്നേ..... എന്നലറാൻ കൊതിച്ച എന്റെ വായിലും ശൂന്യത കൂടുകൂട്ടി.നിങ്ങൾ പോകുന്നതിന് മുൻപ് അസ്സൽ ചായയും വടയും തരാം മക്കളേ...... എന്നുള്ള അവരുടെ നിൽപ്പ് കണ്ടപ്പോൾ പ്രതികരിക്കാൻ തോന്നിയില്ല. ഒഴിഞ്ഞ ചായ ഗ്ലാസും,കൈയിൽ പറ്റിയ എണ്ണ കൂട്ടുകാരിയുടെ ദേഹത്ത് തേക്കുന്നതും ചിത്രങ്ങളാക്കി ഒപ്പിയെടുത്ത് ഇന്നത്തെ ബ്ലോഗ് രസകരമാക്കണമെന്ന് കരുതിയ എന്റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി.
വർഷങ്ങൾക്കു മുൻപേ മരിച്ചുപോയ നൂറുകൂട്ടം പലഹാരങ്ങളുടെ ഓർമ്മയുമായി കരഞ്ഞുറങ്ങിയ ചില്ലലമാരയ്ക്കും
ഒന്ന് ചിരിച്ചേ...... എനിക്കിത് ബ്ലോഗിൽ കൊടുക്കാനുള്ളതാ എന്ന് പറഞ്ഞപ്പോൾ നിഷ്കളങ്കമായി പുഞ്ചിരിച്ച രണ്ട് അമ്മമാർക്കും ഈ എളിയ ബ്ലോഗറുടെ ഒരായിരം നന്ദി.........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ