കാവ്യലോകത്തേയ്ക്ക്

കുറെ നാളുകൾക്ക് ശേഷം ഞാൻ കവിതയുടെ ലോകത്തിലേക്ക് മടങ്ങി.....








പിതൃത്വമെന്ന ശാപം


                           1


അച്ഛനെന്നയെന്റെ ബിംബത്തിന്

ആണായ് പിറക്കാത്തതിന്റെ ദേഷ്യമായിരുന്നു….


സ്കൂളിൽ നിന്നും വീട്ടിലെത്താൻ നാലുകാതം നടക്കണം….


വഴിയിലെങ്ങാനച്ഛൻ വീണുകിടപ്പുണ്ടെങ്കിൽ

താങ്ങിയെടുത്തു നടക്കണം, ജീവിതഭാരം വേറെ……


ചുമടുതാങ്ങിയായ് പുസ്തകമെടുത്തു.


ഓരോ തവണ ഭാരമേറുമ്പോഴും ഞാനതിൽ മുറുകെ പിടുത്തമിട്ടു…..


ഇറക്കിവെയ്ക്കണമെന്നെങ്കിലും ഭാരമോരോന്നായ്…..




                          2


പുര നിറഞ്ഞു മൂന്നെണ്ണം നിൽപ്പുണ്ട്

കാനീനങ്ങളാൽ മുറ്റം നിറയട്ടെ…. അയല്പക്കമോതി…


നാഴിയരിയ്ക്കായി കൈനീട്ടുമ്പോഴും

സമൂഹവിവാഹത്തിനപേക്ഷിക്കുമ്പോഴും

അച്ഛന്റെ ജീവൻ പല്ലിളിച്ചുകൊണ്ടേയിരുന്നു….


വികലാംഗപെൻഷനൊന്നിനും തികയുന്നില്ല

വിധവകൂടിയായെങ്കിൽ?!

അമ്മ പിറുപിറുത്തു…..




                          3


ലോകപ്രശംസതൻ മുല്ലപൂമാലകൾക്കിടയിൽ

അച്ഛന്റെ പട്ടച്ചാരായം നാറിക്കൊണ്ടേയിരുന്നു……


ജീവിച്ചിരിക്കെ മരിച്ചയച്ഛന്റെ പട്ടടയിൽ

തീയാളി കത്തുകയായിരുന്നു…..


വിധവാ പെൻഷൻ, സ്കോളർഷിപ്പുകൾ 

ചുറ്റിലും നൃത്തം ചെയ്തീടുന്നൂ…





                             4


ഇനിയെങ്കിലും പിതാവേ മരിക്ക നീ…


ജീവനോടെ മരിച്ച നിനക്കായ്‌


ഞങ്ങളെത്രനാൾ കണ്ണീർ കുടിക്കണം?


ലോകമേ.. അച്ഛനില്ലാത്ത നീയും


അച്ഛനുള്ള ഞാനും തുല്യരാണ്?!


ഇതാണ്…..ഇതുമാത്രമാണദ്വൈതദർശനം?!


അച്ഛനുള്ളത് അനുഗ്രഹം മാത്രമല്ല

 ചിലർക്കത് ശാപവുമാണ്……

മോക്ഷം കിട്ടാത്ത ശാപം………..


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം