Teaching Practice 1

Day 1  ഒക്ടോബര്‍ 3 ചൊവ്വ.

സ്‌കൂള്‍ ദിനക്കുറിപ്പ്


മാര്‍തിയോഫിലസ് ട്രെയിനിങ് കോളേജില്‍  നിന്നും ഞങ്ങള്‍ 16 പേരടങ്ങുന്ന സംഘം അധ്യാപന പരിശീലനത്തിനായി സെന്റ് ജോൺസ് സ്‌കൂളിലെത്തി. ജിജോ ഗീവര്‍ഗീസ് സാറാണ് വൈസ് പ്രിന്‍സിപ്പല്‍. അദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ ഹാജര്‍ രേഖപ്പെടുത്തിയ ശേഷം ഞങ്ങള്‍ അതാത് വിഷയത്തിന്റെ ചുമതല നിര്‍വഹിക്കുന്ന അധ്യാപകരെ കാണാന്‍ പോയി. സിസിലി ടീച്ചറിനെയാണ് എനിക്ക് ലഭിച്ചത്. ടീച്ചര്‍ എനിക്ക് 8സി ക്ലാസാണ് പഠിപ്പിക്കാനായി നല്‍കിയത്. ജോര്‍ജ് ഓണക്കൂറിന്റെ ഭൂമിയുടെ സ്വപ്നം എന്ന പാഠഭാഗമാണ് പഠിപ്പിക്കേണ്ടിയിരുന്നത്. 

പാഠാസൂത്രണം

ഭൂമിയുടെ സ്വപ്നം എന്ന പാഠത്തിന്റെ ഒന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കൂടാതെ രണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടി ഉള്‍പ്പെട്ടതായിരുന്നു പാഠാസൂത്രണം. കുട്ടികള്‍ക്ക് താല്പര്യം നല്‍കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു.പാഠഭാഗത്തെക്കുറിച്ച് വ്യക്തമായ ധാരണ നല്‍കാന്‍ കഴിയുന്ന രീതിയിലാണ് പാഠം ആസൂത്രണം ചെയ്തത്. പഠനാസൂത്രണം തയ്യാറാക്കുതിന് മുന്നോടിയായി അധ്യാപക സഹായി, പാഠ്യപ്രവര്‍ത്തനങ്ങളും, വ്യാകരണ പ്രവര്‍ത്തനങ്ങളും നോക്കിയിരുന്നു.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍

തുടര്‍പ്രവര്‍ത്തനമായിരുന്നു പ്രാരംഭ പ്രവര്‍ത്തനമായി നല്‍കിയിരുന്നത്. കണ്ടെത്തിയ വസ്തുതകളുടെ ഔചിത്യം ചര്‍ച്ചചെയ്ത് കുറിപ്പ് തയ്യാറാക്കുക എന്നതായിരുന്നു തുടര്‍ പ്രവര്‍ത്തനം. കഴിഞ്ഞ ദിവസം വരാത്ത കുട്ടികള്‍ ഒഴികെ മറ്റു കുട്ടികളെല്ലാം തുടര്‍പ്രവര്‍ത്തനം എഴുതുകയും അവതരിപ്പിക്കുകയും ചെയ്തു.

പാഠ്യവസ്തുവിന്റെ  ആശയ വിശദീകരണവും വിപുലനവും


ഭൂമിയുടെ സ്വപ്നം എന്ന പാഠത്തില്‍ ചര്‍ച്ചചെയ്യുന്ന പ്രധാന പ്രശ്‌നങ്ങള്‍ അധ്യാപികയുടെ പങ്കാളിത്തത്തോടെ ചര്‍ച്ച ചെയ്യുകയും കുറിപ്പ് എഴുതുന്നതിനായി വിഷയം നല്‍കുകയും ചെയ്തു.സൂചകങ്ങള്‍ പ്രദര്‍ശിപ്പിച്ച് കുറിപ്പ് തയ്യാറാക്കാന്‍ ആവശ്യപ്പെടുകയും എഴുതിയവ അവതരിപ്പിച്ച് മൂല്യനിര്‍ണയം നടത്തുകയും ചെയ്തു.

തുടര്‍പഠനപ്രവര്‍ത്തനങ്ങള്‍


തുടര്‍പ്രവര്‍ത്തനത്തിന്റെ അവതരണത്തിനു ശേഷം കുറിപ്പ് തയ്യാറാക്കുന്ന രീതി കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. കുട്ടികളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന രീതിയില്‍ പഠനപ്രവര്‍ത്തനങ്ങള്‍ നല്‍കാന്‍ കഴിഞ്ഞു. പ്രതികരണ ശേഷിയുള്ള കുട്ടികള്‍ പഠനപ്രവര്‍ത്തനങ്ങള്‍ ആവേശത്തോടെയാണ് പൂര്‍ത്തിയാക്കിയത്.

പഠനോപകരണങ്ങളുടെ ഉപയോഗം


എഴുത്തുകാരന്റെ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ടും പി.പി.ടി.യുമാണ്  പഠന ഉപകരണം എന്ന രീതിയില്‍ ഉപയോഗിച്ചത്. പഠനോപകരണങ്ങള്‍ ഫലപ്രദമായി ക്ലാസ്സില്‍ ഉപയോഗിക്കാന്‍ സാധിച്ചു.. 

തയ്യാറെടുപ്പുകള്‍


പഠനാസൂത്രണം തയ്യാറാക്കുന്നതിന് അധ്യാപക സഹായി നോക്കിയിരുന്നു. നല്‍കിയിട്ടുള്ള പഠന പ്രവര്‍ത്തനങ്ങള്‍  നോക്കുകയും കൈറ്റ് വിക്ടേഴ്‌സ് ചാനലും ലേൺ വിത്ത് നിമ്മി എന്ന യൂട്യൂബ് ചാനലും കണ്ടിരുന്നു . കൂടാതെ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന പ്രയോഗങ്ങള്‍, അതിന്റെ അര്‍ത്ഥതലം മനസ്സിലാക്കുന്നതിനായി നിരവധി പുസ്തകങ്ങള്‍ എന്നിവ റഫര്‍ ചെയ്തു.

കാര്യനിര്‍വഹണം 

കാര്യ നിര്‍വഹണം വളരെ നല്ലതായി തോന്നിയില്ല. കാരണം അവസാനത്തെ പിരീഡ് ആയതിനാല്‍ ക്ലാസ്സില്‍ കുറച്ചധികം ബഹളം ഉണ്ടായിരുന്നു.

വിലയിരുത്തല്‍

ഇന്നത്തെ ക്ലാസ് സംതൃപ്തി നല്‍കുന്നതായിരുന്നു.പാഠഭാഗം കുട്ടികള്‍ക്ക് മനസ്സിലാകുന്ന രീതിയില്‍ വിശദീകരിക്കാന്‍ കഴിഞ്ഞു. കുട്ടികള്‍ ചാര്‍ട്ടിനേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത് പി.പി.ടി. ആണെന്നും പി. പി. ടി. കൂടുതല്‍ ഉള്‍പ്പെടുത്തണമെന്നും തീരുമാനിച്ചു. കുട്ടികള്‍ മികച്ച രീതിയില്‍ പ്രതികരിച്ചു. നല്ലൊരു ക്ലാസ് ആയിരുന്നു ഇന്നത്തേത്

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കൊറോണയ്ക്ക് ശേഷം പുതിയ വില്ലൻ 😢

National seminar on Human values, ethics and peace education (02/11/2022 Wednesday )

സർവം ദീപ്തമയം