Teaching practice 6
Day 6 ഒക്ടോബര്‍ 12 വ്യാഴം
കഥ പഠിച്ച് മടുത്തിരുന്ന കുട്ടികള്‍ക്ക് കവിതാപഠനം ഒരു അനുഗ്രഹമായാണ് അനുഭവപ്പെട്ടത്. അവര്‍ വളരെ ആവേശത്തോടെയാണ് വേദം എന്ന കവിത പഠിക്കാന്‍ തയ്യാറെടുത്തത്. ഇന്ന് അഞ്ചാമത്തെ പിരീഡ് ആണ് എനിക്ക് പഠിപ്പിക്കാന്‍ ലഭിച്ചത്. ആദ്യമേ കവിതയിലേക്ക് പ്രവേശിക്കാതെ കവിതയുടെ കേന്ദ്ര ആശയത്തിലേക്കാണ് പ്രവേശിച്ചത്. പി. പി. ടി. യുടെ സഹായത്തോടെ മധുവിന്റെ ചിത്രവും സൊമാലിയയിലെ പട്ടിണി ദുരന്തം അനുഭവിക്കുന്ന കുട്ടികളുടെ ചിത്രവും കുട്ടികള്‍ക്ക് കാണിച്ചുകൊടുത്തു. മധുവിനെ കുട്ടികള്‍ തിരിച്ചറിയുകയും കവിതയുടെ കേന്ദ്ര ആശയമായ വിശപ്പിലെത്തുകയും ചെയ്തു. കുട്ടികളോട് നിങ്ങള്‍ വിശന്നിരുന്നി ട്ടുണ്ടോ? എന്നും നിങ്ങളുടെ വിശപ്പനുഭവങ്ങള്‍ എന്തൊക്കെയാണെന്ന് പങ്കുവെക്കാമോ എന്നും ചോദിച്ചു. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് വിശപ്പനുഭവങ്ങള്‍ പങ്കുവെച്ചത്. അമ്മയോട് പിണങ്ങി ഭക്ഷണം കഴിക്കാതിരുന്നത് മുതല്‍ ചില സാഹചര്യങ്ങളില്‍ വീട്ടില്‍ ഭക്ഷണം ലഭ്യമാകാത്തത് വരെ അക്കൂട്ടത്തില്‍ ഉണ്ടായിരുന്നു.വിശപ്പനുഭവം ഒരു ചര്‍ച്ചയായി മാറിയപ്പോള്‍ അത് കുട്ടികളുമായി സൗഹൃദം സൃഷ്ടിക്കാനും, കുട്ടികളെ കൂടുതല്‍ അറിയാനും ഉപകരിച്ചു. ഐ.സി.ടി. ക്ലാസുകള്‍ കുട്ടികള്‍ വളരെ ആവേശത്തോടെയാണ് കാണുന്നത്. ചാര്‍ട്ടുകളേക്കാള്‍ കുട്ടികള്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് ഐ.സി.ടി. മുഖേനയുള്ള ക്ലാസുകളാണ്. അതിനായി വേദം എന്ന കവിതയുടെ ഓഡിയോ കേള്‍പ്പിക്കുകയും കുട്ടികളില്‍ ചിലരെക്കൊണ്ട് വേദം എന്ന കവിത ഈണത്തില്‍ ചൊല്ലിക്കുകയും ചെയ്തു.
കുട്ടികള്‍ക്ക് താല്പര്യം നല്‍കുന്ന പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇന്ന് ക്ലാസ് മുന്നോട്ട് പോയത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കുട്ടികളെ വിശപ്പ് എന്ന കേന്ദ്ര പ്രമേയത്തില്‍ എത്തിക്കുന്നതിന് വേണ്ടി മധുവിന്റെയും സൊമാലിയയിലെ പട്ടിണിപ്പാവങ്ങളുടെയും ചിത്രങ്ങള്‍ കാണിക്കുകയും, കുട്ടികളെ വിശപ്പ് എന്ന കേന്ദ്ര ആശയത്തില്‍ എത്തിക്കുകയും ചെയ്തു. അതിനുശേഷമാണ് പാഠഭാഗത്തിലേക്ക് പ്രവേശിക്കുകയും കവിത വായിച്ച് ആശയം വിശദീകരിച്ചു കൊടുക്കുകയും ചെയ്തത്. പാഠഭാഗത്ത് പട്ടിണിക്ക് കാരണമായി എഴുത്തുകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ആംഗലസാമ്രാജ്യത്തെപ്പറ്റിയും,യുദ്ധത്തെപ്പറ്റിയും വിശദീകരിച്ചു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
വേദത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ ഉമ്മയെയും മകനെയും മുന്‍നിര്‍ത്തി പാഠഭാഗത്തെ വിഭജിക്കുകയും ലളിതമായി കവിതയുടെ ആശയം വിശദീകരിക്കുകയും ചെയ്തു.
തുടര്‍പഠന പ്രവര്‍ത്തനങ്ങള്‍
യുദ്ധം ഉണ്ടാകാനുള്ള കാരണങ്ങളും, എന്തൊക്കെയാണ് അതിന്റെ പരിണിതഫലങ്ങള്‍ എന്നും , കുറിപ്പിന്റെ രൂപത്തില്‍ കുട്ടികളോട് എഴുതാന്‍ ആവശ്യപ്പെടുകയും, തുടര്‍ പ്രവര്‍ത്തനം എഴുതിയതിനു ശേഷം കുട്ടികളില്‍ ചിലരെക്കൊണ്ട് അവതരിപ്പിക്കുകയും , എഴുതിയത് തിരുത്തുകയും ചെയ്തു.
പഠനോപകരണങ്ങളുടെ ഉപയോഗം
യൂസഫലി കേച്ചേരിയുടെ വിവരങ്ങള്‍ അടങ്ങിയ ചാര്‍ട്ടും മധുവിന്റെയും സൊമാലിയയിലെ പട്ടിണിയുടെ ഭീതി വ്യക്തമാക്കുന്ന ചിത്രങ്ങളടങ്ങിയ പി. പി. ടി.യുമാണ് ഇന്ന് പഠന ഉപകരണമായി ഉപയോഗിച്ചത്. കൂടാതെ വേദം എന്ന കവിതയുടെ ഓഡിയോ ക്ലിപ്പ് കുട്ടികള്‍ക്ക് കേള്‍പ്പിച്ചു കൊടുത്തു.
തയ്യാറെടുപ്പുകള്‍
പഠന ആസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി വേദമെന്ന പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാനായി അധ്യാപക സഹായി നോക്കിയിരുന്നു . കൂടാതെ വിശപ്പ് പ്രമേയമായ മറ്റു കൃതികളെ കുറിച്ച് അറിയാന്‍ സാഹിത്യചരിത്രഗ്രന്ഥങ്ങളും ബാലരമ ഡൈജസ്റ്റ്,ഭാഷാ സാഹിതി തുടങ്ങിയ ഗ്രന്ഥങ്ങളും പരിശോധിച്ചു.
കാര്യനിര്‍വഹണം
ആസൂത്രണം ചെയ്തത് പോലെ പഠിപ്പിക്കാന്‍ കഴിഞ്ഞ ഒരു ദിവസമായിരുന്നു ഇന്ന് . അഞ്ചാമത്തെ പിരീഡ് ആയതുകൊണ്ട് കുട്ടികള്‍ ഊര്‍ജ്ജസ്വലരായി, വളരെ ശ്രദ്ധാപൂര്‍വ്വമാണ് ക്ലാസ്സിലിരുന്നത്. കൂടാതെ പഠനപ്രവര്‍ത്തനങ്ങള്‍ കൃത്യമായി ചെയ്യുകയും അവരുടെ സംശയങ്ങള്‍ ചോദിച്ച് പരിഹരിക്കുകയും ചെയ്തു..
വിലയിരുത്തൽ
ഇന്നത്തെ ക്ലാസ് മികച്ച അനുഭവമാണ് നല്‍കിയത്. വ്യക്തമായും കൃത്യമായും പാഠഭാഗത്തിന്റെ ആശയം കുട്ടികളില്‍ എത്തിക്കാനും, പട്ടിണി ഉണ്ടാകാന്‍ കാരണമായ ആംഗലസാമ്രാജ്യത്തെ പറ്റിയും യുദ്ധത്തെ പറ്റിയും കുട്ടികള്‍ക്ക് ഒരുപാട് അറിവ് കൊടുക്കാനും, കുട്ടികളുടെ സംശയങ്ങള്‍ യഥാസമയം പരിഹരിക്കാനും സാധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ