Teaching practice 7

Day 7 ഒക്ടോബര്‍ 13 വെള്ളി

വേദമെന്ന കവിതയുടെ രണ്ടാമത്തെ പാഠാസൂത്രണമാണ്  പഠിപ്പിച്ചത്.വിശപ്പ് പ്രമേയമായ  യൂട്യൂബ് വീഡിയോ ക്ലാസിന്റെ അവസാനം കാണിച്ചു. കുട്ടികളില്‍ നിന്നും  ഫീഡ്ബാക്ക് എഴുതി വാങ്ങി.കാരണം കുട്ടികള്‍ക്ക് ഇതുവരെ ഗദ്യം മാത്രമാണ് ഞാന്‍ പഠിപ്പിച്ചത് പദ്യം പഠിപ്പിക്കുമ്പോള്‍  എത്രത്തോളം മനസ്സിലാകുന്നുണ്ടെന്നും എന്തൊക്കെ മാറ്റങ്ങളാണ് ബോധന രീതിയില്‍  വരുത്തേണ്ടതെന്നും മനസ്സിലാക്കുന്നതിനു മാണ്  ഫീഡ്ബാക്ക് എഴുതി വാങ്ങിയത് . അധ്യാപക വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ക്ക് രണ്ടാം സെമസ്റ്റര്‍ പരീക്ഷയുടെ നോട്ടിഫിക്കേഷന്‍ വന്നതിനാല്‍ ഒക്ടോബര്‍ 31 വരെ ലീവിന് അപേക്ഷ നല്‍കിയാണ് ഞങ്ങള്‍ 16 പേരും ഇന്ന് സ്‌കൂളില്‍ നിന്നും മടങ്ങിയത്.

പാഠാസൂത്രണം


വേദം എന്ന കവിതയുടെ രണ്ടാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. കുട്ടിക്ക് കുറ്റബോധം ഉണ്ടാകാനുള്ള  കാരണവും ഉമ്മ വിശന്നിരിക്കുന്നവരില്‍ പടച്ചവനെ കാണാമെന്ന് പറഞ്ഞതിന്റെ ഔചിത്യവും കുട്ടികള്‍ക്ക് വിശദമായി പറഞ്ഞുകൊടുക്കാന്‍ ആസൂത്രണം ചെയ്തു. കവിതയിലെ പ്രസക്തഭാഗങ്ങള്‍, അതിന്റെ ആശയങ്ങള്‍ ഒരു കഥ പോലെ  ഓര്‍ത്തെടുക്കാനും, ഉപയോഗിക്കാനും കഴിയുന്ന തരത്തിലാണ് ആസൂത്രണം ചെയ്തത്.

പ്രാരംഭ പ്രവര്‍ത്തനങ്ങള്‍


കറി കുറവായതിന്റെ പേരില്‍  പിണങ്ങിയ കുട്ടി ഒടുവില്‍ തന്റെ ഭക്ഷണം കൂടി കഞ്ഞിവെള്ളത്തിലിട്ട് വിളമ്പിക്കോളൂ എന്ന്  പറഞ്ഞ   മാനസികാവസ്ഥയിലൂടെ ക്ലാസിലെ ഓരോ കുട്ടികളുടെ മനസ്സും കൊണ്ടെത്തിക്കാനായി ഇന്നത്തെ ക്ലാസ്സില്‍ സാധിച്ചു.അതിനായി പാഠത്തിലെ കുട്ടിയായി നിങ്ങള്‍ ഓരോരുത്തരെയും സങ്കല്‍പ്പിക്കണമെന്ന് പറഞ്ഞു കൊണ്ടാണ് പാഠത്തിന്റെ തുടര്‍ച്ചയിലേക്ക് പ്രവേശിച്ചത്.

പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും


കുട്ടിക്ക് മാനസാന്തരം ഉണ്ടാകാനുള്ള കാരണവും, അമ്മ വിശന്നിരിക്കുന്നവരില്‍ പടച്ചവനെ കാണാം എന്ന് പറഞ്ഞതിലെ ഔചിത്യവും കുട്ടികള്‍ക്ക് വ്യക്തമായി പറഞ്ഞു മനസ്സിലാക്കി കൊടുക്കുകയും, അതിന്റെ മഹത്വവും, ഭക്ഷണം പാഴാക്കുന്നതിലെ പ്രശ്‌നങ്ങളും പറഞ്ഞു കൊടുത്തു. വിശപ്പ് പ്രമേയമായ മറ്റു കൃതികള്‍ കണ്ടെത്താന്‍ കുട്ടികള്‍ക്ക് ഒരു തുടര്‍ പ്രവര്‍ത്തനവും  ക്ലാസില്‍ കൊടുത്തു.

തുടര്‍ പഠന പ്രവര്‍ത്തനങ്ങള്‍


കുട്ടിക്ക് മാനസാന്തരം ഉണ്ടാകാനുള്ള കാരണങ്ങള്‍ കണ്ടെത്തി എഴുതാനും,അമ്മ പറഞ്ഞതിന്റെ ഔചിത്യം എന്തൊക്കെയാണെന്ന് കണ്ടെത്താനുമാണ് ഇന്ന് തുടര്‍പഠന പ്രവര്‍ത്തനമായി  നല്‍കിയത്.  എല്ലാവരും എഴുതി എന്ന് ഉറപ്പാക്കിയ ശേഷം കുട്ടികളില്‍  ചിലരെക്കൊണ്ട് ക്ലാസില്‍ അവതരിപ്പിക്കുകയും തെറ്റുകള്‍ തിരുത്തി നല്‍കുകയും ചെയ്തു.

പഠനോപകരണങ്ങളുടെ ഉപയോഗം


പി.പി.ടി.യുടെ സഹായത്തോടുകൂടി വിശപ്പ് പ്രമേയമായ മറ്റു കൃതികളും അതിന്റെ ആശയവും ചുരുക്കി കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കുകയും വേദം എന്ന കവിതയുടെ ദൃശ്യാവിഷ്‌ക്കാരം യൂട്യൂബിന്റെ സഹായത്തോടുകൂടി കാണിച്ചുകൊടുക്കുകയും ചെയ്തു.

തയ്യാറെടുപ്പുകള്‍


പാഠാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി വേദം എന്ന പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാനായി അധ്യാപക സഹായിയും, വിശപ്പ് പ്രമേയമായ മറ്റു കൃതികളെ കുറിച്ചറിയാന്‍ സാഹിത്യ ചരിത്ര ഗ്രന്ഥങ്ങളും, മധുവിന്റെ മരണത്തെ സംബന്ധിച്ച പത്ര കട്ടിം ഗ്‌സുകളും പരിശോധിച്ചു.

കാര്യനിര്‍വഹണം

ആസൂത്രണം ചെയ്തതിനേക്കാളും മികച്ചതായി പഠിപ്പിക്കാന്‍ കഴിഞ്ഞ  ദിവസമായിരുന്നു ഇന്ന്. കവിതയുടെ ആശയങ്ങള്‍ക്കൊപ്പം കുട്ടികളുടെ ആശയങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്ന തരത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയാണ് ക്ലാസ്സ് മുന്നോട്ട് പോയത്.

വിലയിരുത്തല്‍


വേദം എന്ന കവിത ലളിതമായി കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും അതിന്റെ ആശയങ്ങളും പ്രസക്തഭാഗങ്ങളും ഒരു കഥ പോലെ കൃത്യമായ ക്രമത്തില്‍ ഓര്‍ത്തെടുക്കാനും കുട്ടികളെ പരിശീലിപ്പിച്ചു.ഓരോ പാഠഭാഗവും പഠിപ്പിച്ചതിനു ശേഷം നടത്തുന്ന പരീക്ഷയോട് കുട്ടികള്‍ മികച്ച രീതിയിലാണ് പ്രതികരിച്ചത്. വേദമെന്ന പാഠഭാഗത്തുനിന്നും അടുത്ത ക്ലാസ്സില്‍ പരീക്ഷ ഉണ്ടാകുമെന്ന് കുട്ടികളെ അറിയിച്ചു. ഈയൊരു പ്രവര്‍ത്തനം ക്രമബന്ധമായി കുട്ടികളെ പഠിക്കാന്‍ സഹായിക്കും.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

Teaching practice 11

innovative