Teaching practice 8
Day 8 നവംബര്‍ 1 ബുധന്‍
രണ്ടാഴ്ചത്തെ ഇടവേളയ്ക്കു ശേഷം ഞങ്ങളുടെ ടീച്ചിംഗ് പ്രാക്ടീസ് പുനരാരംഭിച്ചു. കേരള പിറവി ദിനമായതുകൊണ്ട് സെന്റ് ജോൺസ് സ്‌കൂളില്‍ കേരളപ്പിറവി ദിന ആഘോഷ പരിപാടികള്‍ ഉണ്ടായിരുന്നു. ഉദ്ഘാടന ചടങ്ങിനു ശേഷം സ്‌കൂളിലെ പി.ടി.എ. പ്രസിഡന്റും ഞങ്ങളുടെ കോളേജ് പ്രിന്‍സിപ്പലുമായ ജോജു സാറിന്റെ പ്രസംഗം ഉണ്ടായിരുന്നു . കുട്ടികളുടെ മെഗാ തിരുവാതിര,നാടന്‍ പാട്ട്,സംഘനൃത്തം എന്നിവയും ആഘോഷത്തെ വര്‍ണാഭമാക്കി. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് ഒരു ക്വിസ് പരിപാടി ഉടനെ നടത്തുമെന്ന് പ്രിന്‍സിപ്പല്‍ അനൗൺ സ് ചെയ്തു. ഉച്ചവരെ കേരളപ്പിറവി ദിനാഘോഷ പരിപാടിയായിരുന്നു. ഉച്ചയ്ക്കു ശേഷമുള്ള പിരീഡായതിനാല്‍ എനിക്കിന്ന് ക്ലാസ് ഉണ്ടായിരുന്നു . കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തെ സംബന്ധിച്ചാണ് ക്ലാസ് എടുത്തത്.
പാഠാസൂത്രണം
കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തിന്റെ ഒന്നാം ദിവസത്തെ പാഠാസൂത്രണമാണ് ഇന്നെടുത്തത്. എഴുത്തുകാരനെയും, തുള്ളല്‍ എന്ന സാഹിത്യ വിഭാഗത്തെക്കുറിച്ചും, ധ്രുവചരിതത്തെക്കുറിച്ചും കുട്ടികള്‍ക്ക് പ്രാഥമികമായ അറിവ് നല്‍കുക എന്ന ഉദ്ദേശ്യത്തോടുകൂടിയാണ് പാഠാസൂത്രണം നടത്തിയത്.
പ്രാരംഭ പ്രവര്‍ത്തനങ്ങള്‍
കുട്ടികള്‍ക്ക് കുഞ്ചന്‍ നമ്പ്യാരുടെ ജീവചരിത്രത്തെക്കുറിച്ച് ഏകദേശ ധാരണ നല്‍കിയശേഷം തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് എന്ന നിലയിലും പ്രസക്തനായ കുഞ്ചന്‍ നമ്പ്യാരെ കുറിച്ചും അദ്ദേഹം തുള്ളല്‍ രചിക്കാനിടയായ ഐതീഹ്യ കഥയെക്കുറിച്ചും കുട്ടികള്‍ക്ക് പറഞ്ഞു കൊടുത്തു. ശേഷം തുള്ളലിന്റെ തരംതിരിവുകളെ കുറിച്ചും. ധ്രുവചരിതത്തെ കുറിച്ചും പറഞ്ഞു കൊടുത്തു.
പാഠ്യവസ്തുവിന്റെ ആശയ വിശദീകരണവും വിപുലനവും
തുള്ളല്‍ കൃതികളുടെ പ്രത്യേകതകളായ സാമൂഹ്യ വിമര്‍ശനം, പരിഹാസം, പുരാണ കഥാപാത്രങ്ങളെ കേരളീയ പശ്ചാത്തലത്തില്‍ അവതരിപ്പിക്കല്‍ തുടങ്ങിയവയെ കുറിച്ചെല്ലാം വിശദമായി പറഞ്ഞു കൊടുത്തു. തുള്ളല്‍ കൃതികള്‍ രചിക്കാന്‍ ഇടയായ സാഹചര്യം, നമ്പ്യാരുടെ ഇതര തുള്ളല്‍ കൃതികള്‍ എന്നിവ പരിചയപ്പെടുത്താനും ശ്രമിച്ചു.
തുടര്‍പഠനപ്രവര്‍ത്തനങ്ങള്‍
തുള്ളല്‍ കൃതികളുടെ പ്രത്യേകതകള്‍, നമ്പ്യാരുടെ മറ്റു കൃതികളെ കുറിച്ചുള്ള അറിവ്, പാഠഭാഗത്തെ കുറിച്ചുള്ള മുന്നറിവ് പരിശോധിക്കല്‍ തുടങ്ങിയവയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടായിരുന്നു തുടര്‍ പ്രവര്‍ത്തനങ്ങള്‍ നല്‍കിയത്. തുടര്‍ പ്രവര്‍ത്തനം നല്‍കിയശേഷം കുട്ടികളെല്ലാവരും അത് പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും കുട്ടികളില്‍ ചിലരെക്കൊണ്ട് ക്ലാസ്സില്‍ അവതരിപ്പിക്കുകയും, വേണ്ടത്ര തിരുത്തലുകള്‍ നടത്തുകയും ചെയ്തു.
പഠനോപകരണങ്ങളുടെ ഉപയോഗം
പി.പി.ടി.യുടെ സഹായത്തോടുകൂടി തുള്ളല്‍ കൃതികളെ പരിചയപ്പെടുത്തി. കൂടാതെ കുഞ്ചന്‍ നമ്പ്യാരുടെ കൃതികളെക്കുറിച്ചും അദ്ദേഹത്തിന്റെ ജീവചരിത്രത്തെക്കുറിച്ചും വിവരങ്ങള്‍ നല്‍കുന്ന ചാര്‍ട്ട് പ്രദര്‍ശിപ്പിച്ചു.തുള്ളല്‍ കൃതികളുടെ സമാഹാരം കുട്ടികള്‍ക്ക് പരിചയപ്പെടുത്തി കൊടുത്തു. കൂടാതെ യൂട്യൂബിന്റെ സഹായത്തോടുകൂടി തുള്ളലിന്റെ ദൃശ്യാവിഷ്‌കാരവും കാണിച്ചുകൊടുത്തു.
തയ്യാറെടുപ്പുകള്‍
പാഠാസൂത്രണം തയ്യാറാക്കുന്നതിന് മുന്നോടിയായി കിട്ടും പണമെങ്കിലിപ്പോള്‍ എന്ന പാഠഭാഗത്തെ സംബന്ധിക്കുന്ന വിവരങ്ങള്‍ അറിയാനായി അധ്യാപക സഹായി ഉപയോഗിച്ചു.കൂടാതെ യൂട്യൂബ് വീഡിയോ, ബാലരമ ഡൈജസ്റ്റ്,കെ. എന്‍. ഗണേശിന്റെ കുഞ്ചന്‍ നമ്പ്യാര്‍ വാക്കും സമൂഹവും എന്ന പുസ്തകവും പരിശോധിച്ചു.
കാര്യ നിര്‍വഹണം
കുട്ടികള്‍ക്ക് ഇഷ്ടമുള്ള കലാരൂപം ഏതെന്ന് ചോദിച്ചുകൊണ്ടാണ് ക്ലാസ് ആരംഭിച്ചത്. ആസൂത്രണം ചെയ്തതിനേക്കാള്‍ മികച്ചതായി പഠിപ്പിക്കാന്‍ കഴിഞ്ഞ ദിവസമായിരുന്നു. കുട്ടികള്‍ മികച്ച രീതിയില്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുകയും അവരുടെ ആശയങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. കുട്ടികളുടെ മുന്നറിവ് പരിശോധിക്കുവാനും വേണ്ട കൂട്ടിച്ചേര്‍ക്കലുകള്‍ നടത്താനും ഇന്നത്തെ ക്ലാസ്സിലൂടെ കഴിഞ്ഞു.
വിലയിരുത്തല്‍
തുള്ളല്‍ സാഹിത്യ വിഭാഗത്തെ ലളിതമായി പറഞ്ഞു കൊടുക്കാനും ധ്രുവചരിതത്തിന്റെ പ്രസക്ത ഭാഗങ്ങളും, അതിന്റെ കഥയും, കുഞ്ചന്‍ നമ്പ്യാരുടെ കൃതികളുടെ പ്രത്യേകതകളും,അദ്ദേഹം തുള്ളല്‍ എന്ന സാഹിത്യരൂപത്തിന് ജന്മം കൊടുക്കാനിടയായ സാഹചര്യങ്ങളും,തുള്ളലിന്റെ സാമൂഹ്യ പ്രസക്തിയെയും കുറിച്ച് ആഴത്തില്‍ അറിവ് നല്‍കാന്‍ ഇന്നത്തെ ക്ലാസ് ഉപകരിച്ചു.കുട്ടികളുടെ പ്രായത്തിനും അഭിരുചിക്കും അനുസൃതമായ രീതിയില്‍ പഠനോപകരണങ്ങള്‍ സജ്ജീകരിക്കാനും അവ കൃത്യമായി ഉപയോഗിക്കാനും കഴിഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ