സർവം ദീപ്തമയം
എന്റെ പ്രോജക്ട് അല്ല ദീപ്തി ടീച്ചറുടേതും...........
പ്രോജക്ട്,ഗവേഷണം എന്നൊക്കെ കേൾക്കുമ്പോൾ വല്ലാത്ത ഒരു ആവേശമാണ്.ഉള്ളിന്റെ ഉള്ളിൽ ആരും അറിയാതെ കുഴിച്ചുമൂടിയ വിമർശനങ്ങളൊക്കെയും പുറത്തുചാടുന്നത് അപ്പോഴാണ്. മാർഗ്ഗനിർദേശക/മാർഗ്ഗനിർദ്ദേശകൻ ആരായിരിക്കും എന്ന ചിന്തയിൽ രണ്ടുമൂന്നുദിവസം ഞാൻ ഉറങ്ങിയില്ല. വരാനുള്ളത് വഴിയിൽ തങ്ങാത്തതുപോലെ ജോജു സാർ സാറിന്റെ സ്നേഹം മുഴുവൻ ദീപ്തി ടീച്ചറിനെ എനിക്ക് തന്ന് വീട്ടി. ജമന്തി കൃഷി ചെയ്ത് മടുത്ത ദീപ്തി ടീച്ചർ അടുത്ത കൃഷിക്കായി തെരഞ്ഞെടുത്തത് എന്റെ തലച്ചോറായിരുന്നു. എന്റെ തലച്ചോർ പ്രവർത്തിക്കുന്നുണ്ടോ എന്നറിയാനായി ടീച്ചർ ആദ്യം തലച്ചോറ് കിളച്ചുനോക്കി . കുറേ നാളായി തൂമ്പ കാണാത്ത വിഷമത്തിൽ നിന്നിരുന്ന എന്റെ സെറിബ്രവും സെറിബെല്ലവും നന്നായി കുലുങ്ങി. 10 കർഷക ശ്രീ അവാർഡ് ഒരുമിച്ചു കിട്ടിയ സന്തോഷത്തിൽ ദീപ്തി ടീച്ചർ പതിയെ എന്റെ തലച്ചോറിൽ വിത്തു വിതച്ചു.... ന്യൂറോണുകളിൽ വിത്ത് പടർന്നുപന്തലിച്ചു..... കായ് ഫലം രീതിശാസ്ത്രത്തിൽ തട്ടി നിന്നപ്പോൾ. മാർഗ്ഗനിർദ്ദേശക സ്ഥാനം രാജിവെച്ച് ദീപ്തി ടീച്ചർ ഗണിത അധ്യാപികയായി തന്റെ യഥാർത്ഥ സ്വഭാവം കാണിച്ചു.
രീതിശാസ്ത്രത്തിൽ നിന്നും എന്റെ കായ്ഫലത്തെ ടീച്ചർ പതിയെ പറിച്ചെടുത്തു പരീക്ഷണം തുടർന്നു.വാട്സ്ആപ്പ് ഗ്രൂപ്പിൽ ശബ്ദ സന്ദേശങ്ങളാൽ എന്റെ കായ്ഫലത്തെ ടീച്ചർ അളന്നു തൂക്കിക്കൊണ്ടേയിരുന്നു . "ടീച്ചറേ..... എന്നെ പറിച്ചെടുത്തതാ...ഞാൻ ഇനി വളരില്ല...... അഴുകുകയേയുള്ളൂ"....... എന്നെത്ര പറഞ്ഞിട്ടും തിരുത്തലാവുന്ന വളമിട്ട് ടീച്ചർ എന്റെ കായ് ഫലത്തിന്റെ വളർച്ചയും കാത്തിരുന്നു. ഒടുവിൽ ഗണിതശാസ്ത്രജ്ഞ വിജയിച്ചു. രീതിശാസ്ത്രത്തിൽ നിന്നും അടർത്തി മാറ്റി വളമിട്ടാലും കായ് ഫലം ഇരട്ടിക്കുമെന്ന് ടീച്ചർ പേറ്റന്റോടെ മോഡൽ വൈവയിൽ തെളിയിച്ചു. വരാനിരിക്കുന്ന വൈവയും കമ്മീഷനും ഓർത്തു ഞാനെന്റെ മെഡുല ഒബ്ലാംഗേറ്റ പതിയെ തടവി നോക്കി................ നിശ്ചലതയിലേക്ക് ഇനിയെട്ടുനാൾ കൂടി.........
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ