തിയോഫിലസ് ഡയറീസ്
എനിക്കൊരു അധ്യാപികയാകണം എന്ന ഉറച്ച തീരുമാനത്തോടെയാണ് ഞാൻ തിയോഫിലസിലെ കവാടം കടന്നത്.സർക്കാർ സ്ഥാപനങ്ങളിൽ മാത്രം ഇതുവരെ പഠിച്ച ഞാൻ ശുചിത്വമുള്ള, എന്തിലും അടുക്കും ചിട്ടയും സൂക്ഷിക്കുന്ന മനോഹരമായ കെട്ടിടം കണ്ട് അത്ഭുതത്തോടെ ഒരുപാട് നേരം നോക്കി നിന്നു. ഞാൻ ആരാലും പരിഗണിക്കപ്പെടാതെ പോകുമെന്ന ഭീതിയും , ഇതുവരെയുണ്ടായിരുന്ന എന്റെ അസ്തിത്വമെല്ലാം എവിടെയോ ചോർന്നു പോകുന്നതും പതിയെ ഞാൻ തിരിച്ചറിഞ്ഞു. മലയാളത്തെ സ്നേഹിച്ച ഞാൻ എന്റെ മലയാളത്തെ മറന്നു പോകുമോ എന്നുപോലും ഭയന്നാണ് ഓരോ കാലടികളും ഞാൻ മുന്നോട്ടുവെച്ചത്.അഡ്മിഷൻ കാര്യങ്ങൾ തകൃതിയായി നടക്കുന്നുണ്ട്.അടുത്തഘട്ടം ഇന്റർവ്യൂ ആണ്.ഉള്ളിലുള്ള ഭയം പുറമേ കാട്ടിയില്ലെങ്കിലും വളരെയധികം സംഘർഷാവസ്ഥയിലൂടെയാണ് ഞാനാ ഇന്റർവ്യൂ മുറിയിലേക്ക് കാലെടുത്തുവെച്ചത്. പുഞ്ചിരിയോടെയുള്ള ജോജു സാറിന്റെ "കൊച്ചുമോളെ…." എന്ന വിളിയിൽ ഞാനെന്റെ എല്ലാ ആശങ്കകളും മറന്നിരുന്നു.എന്റെ കഴിവുകളും, പോരായ്മകളും എഴുതേണ്ട കോളത്തിൽ എന്തെഴുതണമെന്ന് പരിഭ്രമിച്ചിരുന്ന എന്നെ സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ എഴുതാൻ പ്രേരിപ്പിച്ചത് ജോജു സാറാണ്. ഇന്റർവ്യൂ പൂർത്തിയാക്കി അവിടെ നിന്നും ഇറങ്ങിയ ഞാൻ കയറിപ്പോയ ആളെ അല്ലായിരുന്നു….
ജോജു സാർമറ്റെവിടെ പഠിച്ചാലും ഞാനൊരു അധ്യാപിക ആകുമായിരിക്കാം എന്നാൽ സ്നേഹമുള്ള, കാരുണ്യമുള്ള, മനുഷ്യത്വമുള്ള ഒരു അധ്യാപികയാകാൻ ഞാനിവിടെ പഠിച്ചേ മതിയാകൂ…..പിന്നെയുള്ള ഓരോ ദിവസവും ഞാൻ തള്ളിനീക്കിയത് തിയോഫിലസ് എങ്ങനെയായിരിക്കും ഞാനെന്ന വ്യക്തിയെ മാറ്റിമറിക്കുക എന്നെല്ലാമുള്ള ചിന്തകളിലൂടെയായിരുന്നു. ഇത്തരം ചിന്തകളിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുമ്പോഴാണ് പതിനഞ്ചാം തീയതി മുതൽ ക്ലാസുകൾ ആരംഭിക്കുമെന്ന ഫോൺകോൾ എന്നെ തേടിയെത്തുന്നത്.എന്റെ വീട്ടിൽ നിന്നും അരമണിക്കൂർ നടന്നാലാണ് തിയോഫിലസിലെത്തുക. നടക്കുന്ന അരമണിക്കൂറും ഞാനെന്റെ മനസ്സിൽ ഞാനൊരു വിദ്യാർത്ഥിയല്ല… ഞാൻ ഒരു സ്ത്രീയല്ല…ഞാൻ ഒരു അധ്യാപികയാണ്….ഞാൻ പറയുന്നത് കേൾക്കാൻ ഒരു കുഞ്ഞു സമൂഹമുണ്ട്… ഞാൻ പറയുന്ന ഒരു കുഞ്ഞു തെറ്റു പോലും അവർ അനുകരിച്ചേക്കാം…. എന്റെ നടപ്പും, എന്റെ ഭാഷയും..എന്റെ വ്യക്തിത്വവുമെല്ലാം….. അനുകരിക്കപ്പെടും ….ഞാൻ എന്ന വ്യക്തി സമ്പൂർണ്ണമായി അനുകരിക്കപ്പെടാൻ പോവുകയാണ് എന്ന സത്യം എന്നെ പല മാറ്റങ്ങൾക്കും പ്രേരിപ്പിച്ചു
ഇനി എന്റെ ജീവിതത്തിൽ ചിട്ടയുണ്ടാകണം, ഞാൻ ചെയ്യുന്ന ഓരോ പ്രവർത്തിക്ക് പിന്നിലും കൃത്യമായ ധാരണ ഉണ്ടാകണം, ഞാൻ പറയുന്ന ഓരോ വാക്കുകളിലും സൂക്ഷ്മത പുലർത്തണം, എന്റെ ഓരോ ചിന്തയും ജനാധിപത്യപരമാകണം, എന്റെ വാക്കുകൾ, എന്റെ നോട്ടങ്ങൾ,ഞാനെന്ന വ്യക്തി,ഒരിക്കലും മറ്റൊരാളുടെ വേദനയ്ക്ക് കാരണമാകരുതെന്ന് ഞാനെന്റെ ഓരോ ചുവടുവെയ്പ്പിലും ചിന്തിച്ചു കൊണ്ടേയിരുന്നു….....
വിയർത്തു കുളിച്ച് തിയോഫിലസ് കവാടത്തിലെത്തുമ്പോൾ ആ ഓരോ വിയർപ്പ് തുള്ളിയിലും അലിഞ്ഞില്ലാതായി കൊണ്ടിരുന്നത് എന്നിലെ അഹംഭാവമായിരുന്നു. മലയാളം ഓപ്ഷണലായി എടുത്ത എന്റെ ക്ലാസ്സിൽ എന്നെ കൂടാതെ മറ്റു നാല് പേർ കൂടിയുണ്ടായിരുന്നു. ആതിര, ഗോപിക, മീര,ശില്പ പിന്നെ ഞാനും.ഞങ്ങൾ അഞ്ചംഗസംഘമാണ് ഇനി മലയാളത്തിന്റെ വരാനിരിക്കുന്ന അധ്യാപകരിൽ അഞ്ചുപേർ.കളിയും തമാശയും ആശങ്കകളും പങ്കുവെയ്ക്കുന്നതിനിടെ ഞങ്ങളുടെ കണ്ണുകൾ ക്ലാസ് മുറിയിലേക്ക് തിരിഞ്ഞു. ഒരു ആർട്ട് മ്യൂസിയത്തെ അതിശയിപ്പിക്കും വിധം മനോഹരമായിരുന്നു എന്റെക്ലാസ്മുറി.ചിഹ്നഭാഷയും,പുസ്തകങ്ങളും, ആപ്തവാക്യങ്ങളാലും സമ്പന്നമായ,ചിന്തിപ്പിക്കാൻ പ്രേരണ നൽകുന്ന വസ്തുക്കളുടെ / വസ്തുതകളുടെ ഒരു മ്യൂസിയമായിരുന്നു എന്റെ ക്ലാസ് മുറി.
മലയാളവിഭാഗം ക്ലാസ്മുറിഞങ്ങളുടെ അധ്യാപകനാണ് നഥാനിയേൽ സാർ.ഒരു അധ്യാപകന്റെ യാതൊരുവിധ കൃത്രിമ അലങ്കാരങ്ങളുമില്ലാത്ത പച്ചയായ ഒരു അധ്യാപകനായിരുന്നു അദ്ദേഹം. ഞങ്ങളുടെ സാറാണ് എന്ന ധൈര്യം തുറന്ന് പറച്ചിലുകൾക്കും, പ്രതീക്ഷകൾ പങ്കുവെയ്ക്കാനും, ആശങ്കകൾ പരിഹരിക്കാനും എന്നെ സഹായിച്ചു. ഞങ്ങൾ അഞ്ചു പേരെയും ഒരുപോലെ പരിഗണിക്കുന്ന സാർ,ഒരു അധ്യാപകൻ എങ്ങനെ ആയിരിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കാതെ പ്രവർത്തിക്കുന്ന ഒരു വ്യക്തിയായി എനിക്ക് ആദ്യ ക്ലാസുകളിൽ തന്നെ അനുഭവപ്പെട്ടു. ഞങ്ങൾ കുട്ടികളെക്കാളും ഊർജ്ജസ്വലതയോടെ ഒരു പൂമ്പാറ്റയെപ്പോലെ പറന്നു നടക്കുന്ന അധ്യാപകനാണ് ജോജു സാർ. ടെക്നോളജി പേപ്പറാണ് അദ്ദേഹം കൈകാര്യം ചെയ്യുന്നത്. ഞങ്ങളെ ആദ്യം ഗൂഗിൾ മീറ്റ് ക്രിയേറ്റ് ചെയ്യാനാണ് സാർ പഠിപ്പിച്ചത്. സാറിന്റെ ഓരോ വാക്കും ഒരു നല്ല മനുഷ്യനാകാനുള്ള ആഹ്വാനമാണ് ഞങ്ങൾക്ക് നൽകിയത്. ആദ്യ ദിവസം ഞങ്ങളിലേക്ക് പകർന്നു നൽകിയ മെഴുകുതിരി വെളിച്ചം ഹൃദയത്തേക്കാൾ ഏറെ ഞങ്ങളുടെ തലച്ചോറിലേക്കാണ് വെളിച്ചം വീശിയത്. കേവലം കേൾവിക്കാരായ് ഇരിക്കേണ്ടവരല്ല കുട്ടികൾ എന്ന ബോധ്യം എല്ലാ അധ്യാപകരിലും പ്രതിഫലിച്ചിരുന്ന ഒരു തത്വമായിരുന്നു.ഞങ്ങൾക്ക് സംസാരിക്കാനും, നമ്മുടെ വിയോജിപ്പുകൾ രേഖപ്പെടുത്താനും അവസരം നൽകുന്ന തുറന്ന സംവാദങ്ങളായി പല ക്ലാസ്സുകളും മാറി.എന്തുകൊണ്ട് നിങ്ങൾ ബി.എഡ് തെരഞ്ഞെടുത്തു? എന്ന മായ ടീച്ചറിന്റെ ചോദ്യത്തിൽ ഞങ്ങളെ പരിപൂർണ്ണമായി അവതരിപ്പിക്കാൻ ഞങ്ങൾക്ക് സാധിച്ചു. പഠിപ്പിക്കുന്നതെല്ലാം പിറ്റേദിവസം ഞാൻ ചോദിക്കും എന്ന സ്നേഹത്തോടെയുള്ള ശാസനയോടെയാണ് ആൻസി ടീച്ചർ ആദ്യ ക്ലാസ് അവസാനിപ്പിച്ചത്. ആ ശാസനയിൽ ഞങ്ങൾ എല്ലാവരും മികച്ച അധ്യാപകരായി തീരാനുള്ള അനുഗ്രഹം ഒളിഞ്ഞിരിപ്പുണ്ടായിരുന്നു. എല്ലാ പ്രതിസന്ധികളെയും തരണം ചെയ്ത്,ഞങ്ങൾ ഓരോരുത്തരെയും മികച്ച അധ്യാപകരാക്കാൻ ഒരു കൂട്ടം മികച്ച അധ്യാപകരുള്ളപ്പോൾ എന്നെപ്പോലെയുള്ള അലസജനങ്ങളും മികച്ച അധ്യാപകരായി മാറുമെന്നതിൽ സംശയമില്ല. തിയോഫിലസ് മറ്റെവിടെ പഠിച്ചാലും ഞാനൊരു അധ്യാപികയാകും….. കേവലമൊരു അധ്യാപിക മാത്രം….എന്നാൽ നിന്നിലൂടെ മാത്രമേ….ഞാൻ നല്ലൊരു മനുഷ്യനാകൂ……..
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ